വളപട്ടണം. വൻ കവർച്ചക്കു ശേഷവും പ്രതി ലിജീഷ് കൂസലില്ലാതെ സ്വന്തം വീട്ടിൽ തന്നെ തുടർന്നു. സമീപത്തെ വീട്ടിൽ അന്വേഷണ കോലാഹലം നടക്കുമ്പോഴും പതിവ് ദിനചര്യകൾ. അമിതാത്മവിശ്വാസം പ്രതിക്ക് തിരിച്ചടിയായി. സിസിടിവി ദൃശ്യങ്ങളിലെ രൂപസാദൃശ്യം പ്രധാന സൂചനയായതോടെ വേഗത്തിൽ പിടി വീണു.
വമ്പൻ കവർച്ചയ്ക്കൊപ്പം കള്ളൻ അയൽവാസി തന്നെ എന്നതും നാടിന് ഞെട്ടൽ. കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ മോഷണം. വ്യാപാരിയായ കെപി അഷ്റഫിന്റെയും കുടുംബത്തിന്റെയും യാത്രാവിവരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് കവർച്ച. മുൻപ് നടത്തിയ മോഷണത്തിലെ ശൈലിയുമായുള്ള സാമ്യം പ്രധാന വഴിത്തിരിവ്.
മോഷണത്തിനു ശേഷം, സ്വന്തം വീട്ടിലെത്തി. രഹസ്യ അറയിൽ പണവും സ്വർണവും ഒളിപ്പിച്ചു. ധരിച്ചിരുന്ന ടീഷർട്ടും ഗ്ലൗസും കത്തിച്ചു. തുടർന്ന് പതിവുപോലെ ഇടപെടൽ. തൊഴിൽ സ്ഥലത്തും പോയി, മോഷണത്തെ കുറിച്ചുള്ള ചർച്ചകളിൽ കൂസലില്ലാത്ത പ്രതികരണങ്ങൾ.
മുൻപ് പ്രവാസി, നിലവിൽ നാട്ടിൽ വെൽഡിങ് തൊഴിൽ. അധികം ആരുമായും സൗഹൃദം പുലർത്താത്ത പ്രകൃതം.
പ്രതി സിസിടിവി തിരിച്ചുവച്ചത് മുതൽ, വെൽഡിങ് തൊഴിൽ വൈദഗ്ദ്യം
പ്രൊഫഷണൽ മികവോടെ പ്രയോഗിച്ചതും, മറന്നുവെച്ച ആയുധം തിരിച്ചെടുക്കാൻ വീണ്ടും പോയതുമടക്കം കള്ളനെ പൂട്ടാൻ പോലീസിന് തുണയായി.