കൊച്ചി. മുനമ്പം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക സമര പ്രചരണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പ്രചരണത്തിന് കൊച്ചിയിൽ തുടക്കം കുറിക്കും. വിഷയം പഠിക്കാനായി നിയമിച്ച കമ്മീഷന്റെ കാലാവധി കുറച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രശ്നം പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചാൽ ആദ്യം പിന്തുണ നൽകുന്നത് പ്രതിപക്ഷം ആയിരിക്കും എന്നും പ്രതിപക്ഷ നേതാവ് മുനമ്പത്ത് സമരപ്പന്തലിൽ പ്രഖ്യാപിച്ചു
മുനമ്പം സമരം 51 ആം ദിവസം എത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വീണ്ടും മുനമ്പത്ത് സമരപ്പന്തൽ എത്തിയത്. ഒരാളെപ്പോലും ഇറക്കിവിടാൻ അനുവദിക്കില്ല എന്നും പ്രശ്നം പരിഹരിക്കാൻ 10 മിനിറ്റിന്‍റെ പോലും ആവശ്യമില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കർണാടകത്തിൽ സമാനമായ പ്രശ്നം ഉണ്ടായപ്പോൾ നോട്ടീസ് പിൻവലിക്കാൻ സർക്കാർ വഖഫ് ബോർഡിന് നിർദ്ദേശം നൽകി. ഇതേ മാതൃക കേരളത്തിലും സ്വീകരിക്കണം. പത്തു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ് സർക്കാർ അനാവശ്യമായി വലിച്ചു നീട്ടി കൊണ്ടുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അതിനെ ആദ്യം പിന്തുണയ്ക്കുന്നത് പ്രതിപക്ഷം ആയിരിക്കുമെന്നും വി ഡി സതീശൻ
മുനമ്പം വിഷയത്തിൻെ പേരിൽ രണ്ടു മതങ്ങളെ തമ്മിലടിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. സർക്കാർ നിയമിച്ച സമിതിയാണ് വഖഫ് ബോർഡ് എന്നും മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന നിലപാട് കോടതിയിൽ സ്വീകരിക്കാൻ ബോർഡിനോട് സർക്കാർ പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവരുന്നതെന്നും ഇതു പാസായാൽ പിന്നാലെ ചർച്ച് ബിൽ വരും എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയം പരിഹരിക്കാൻ സർവ്വകക്ഷിയോഗം വിളിക്കാൻ കത്തുനൽകിയിട്ടും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.