ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Advertisement

വത്തിക്കാന്‍: ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം (Islamic Art and Architecture : An Introduction) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി സംഗമം മാറി. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 27നാണ് സാദിഖലി ശിഹാബ് തങ്ങള്‍ റോമിലേക്ക് പുറപ്പെട്ടത്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായാണ് സാദിഖലി തങ്ങള്‍ പങ്കെടുത്തത്. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

Advertisement