ആതുര ശുശ്രൂഷാ ലോകത്തേക്ക് പറന്നിറങ്ങി, ആര്‍ത്തനാദമായി അവര്‍ മടങ്ങി

Advertisement

ആലപ്പുഴ. മെഡിക്കല്‍ പഠനത്തിലേക്ക് വന്നിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടമായ അപകടത്തിന്റെ നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചത്. ആറു പേര്‍ക്കു പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണിവര്‍.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തുക്കളുമായി ആലപ്പുഴയിലേക്ക് സിനിമ കാണാൻ പോകുമ്പോഴായിരുന്നു അപകടം.കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. നല്ല മഴയുണ്ടായിരുന്നതും റോഡിലെ വെളിച്ച കുറവും അപകടത്തിന്റെ ആഘാതം കൂട്ടി.

ഇന്‍ക്വസ്റ്റ് നടപടികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Advertisement