ആലപ്പുഴ. സ്റ്റെതസ്കോപ്പ് അണിഞ്ഞ് മടങ്ങാനെത്തിയവരായിരുന്നു അവരഞ്ചുപേരും, സ്വപ്നങ്ങള്‍ ബാക്കിയാക്കി മരണ ഹാരങ്ങളണിഞ്ഞ് അവര്‍ മടങ്ങി. കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ യാത്രയയപ്പ്.ചേതനയറ്റനിലയിൽ അവർ അഞ്ചുപേരും വീണ്ടും ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് കാമ്പസിലെത്തിയപ്പോൾ അവരെ അവസാനമായി കാണാൻ കാത്തിരുന്ന സഹപാഠികളും വിങ്ങിപ്പൊട്ടി.
55 ദിവസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ പിടിച്ച് പഠിച്ച് ഡോക്ടറാകാനുള്ള മോഹവുമായി അവർ അഞ്ച് പേരും ഈ ക്യാമ്പസിൻ്റെ പടികൾ നടന്നു കയറിയത്.
സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാതെ ആ അഞ്ച് പേരും ചേതനയറ്റ് ഒന്നിച്ച് ക്യാമ്പസിലേക്ക് അവസാനമായെത്തിയപ്പോൾ കണ്ടു നിൽക്കാനാകാതെ സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും പൊട്ടിക്കരഞ്ഞു…
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചപ്പോൾ ക്യാമ്പസ് അക്ഷരാർത്ഥത്തിൽ നിശ്ചലമായി.വിദ്യാർഥികൾക്കും അധ്യാപകർക്കും മൃതദേഹങ്ങൾ അവസാനമായി കാണാനാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. ചുരങ്ങിയ കാലത്തിനുള്ളിൽ ഓരോരുത്തരും പരസ്പരം അത്ര ആഴത്തിൽ അടുപ്പമായി കഴിഞ്ഞിരുന്നുവെന്ന് അധ്യാപകരും ,സഹപാഠികളുo ഓർമ്മിക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ,മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങി രാഷ്ട്രീയ – സാമൂഹിക രംഗത്തെ നിരവധിപേർ വിദ്യാർത്ഥികൾക്ക് അന്ത്യോപചാരം അർപ്പിച്ചു.