തിരുവനന്തപുരം. തൈക്കാട് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ആയമാരുടെ ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിൻറെ സ്വകാര്യ ഭാഗങ്ങളിലടക്കം നഖം കൊണ്ട് മുറിവേൽപ്പിച്ചു.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ മൂന്നു പേരെ പോക്സോ ചുമത്തി മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കൊച്ചു കുഞ്ഞിനോട് ക്രൂരത. മിനിഞ്ഞാന്ന് കെയർടേക്കർ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആണ് നഖം കൊണ്ട് മുറിവേൽപ്പിച്ച പാടുകൾ കാണുന്നത്. ജനനേന്ദ്രീയത്തിലും, ശരീരത്തിൻറെ പലഭാഗത്തും മുറിവുകളുണ്ട്. അന്ന് തന്നെ സിഡബ്ല്യുസി ജനറൽ സെക്രട്ടറി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടികളെ പരിചരിക്കുന്നവരെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. താൽക്കാലിക ജീവനക്കാരി അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. സിന്ധുവും മഹേശ്വരിയും വിവരം മറച്ചുവെച്ചു. ഇവർക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അച്ഛനും അമ്മയും മരിച്ച രണ്ടരവയസുകാരിയെയും ഒന്നര വയസ്സുള്ള സഹോദരനെയും ഒരുമാസം മുമ്പാണ് ബന്ധുക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത്. അറസ്റ്റിലായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന കരാർ ജീവനക്കാരാണ്. ഇവരെ കൂടാതെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബാലവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. തയ്ക്കാട് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.