വയനാട് .ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന ആരോപണവുമായി മരിച്ച നവാസിന്‍റെ ബന്ധുക്കളും നാട്ടുകാരും. ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദും നവാസും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. സുബില്‍ഷായുടെ ചുണ്ടേല്‍ ജംഗ്ഷനിലുള്ള ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ഇന്നലെയാണ് ചുണ്ടേല്‍ അമ്മാറ ആനോത്ത് റോഡില്‍ ഥാര്‍ജീപ്പും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിക്കുന്നത്. ഥാര്‍ ജീപ്പ് ഓടിച്ചിരുന്നത് സുമില്‍ഷാദ്. ഇയാളുടെ ഹോട്ടലും നവാസിന്‍റെ സ്റ്റേഷനറിക്കടയും ചുണ്ടേല്‍-കോഴിക്കോട് റോഡിന് ഇരുവശത്താണ്. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം
ചുണ്ടേലില്‍ നവാസ് ഏറെ നേരം കാത്തുനില്‍ക്കുകയും ഫോണ്‍ വന്നപ്പോള്‍ പെട്ടന്ന് എടുത്തുപോവുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് ശേഷമാണ് അപകടം. ഇരുവാഹനങ്ങള്‍ക്കും നൂറ് മീറ്ററോളം ദൂരക്കാഴ്ച കിട്ടുന്ന സ്ഥലത്തെ അപകടം ദുരൂഹമെന്നും നാട്ടുകാര്‍
മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍കഴിയുന്ന സുമില്‍ഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. നിലവില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിട്ടുള്ളത്. ബന്ധുക്കളുടെ ആരോപണമടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നവാസിന്‍റെ മൃതദേഹം ഖബറടക്കിയ ശേഷം നാട്ടുകാര്‍ സുമില്‍ഷാദിന്‍റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.