മുൻ വൈരാഗ്യവും കൂടോത്രപ്പകയും ഓട്ടോ ഡ്രൈവറായ നവാസിന്‍റെ കൊലപാതകത്തിന് പിന്നിലെ കാരണം

Advertisement

വയനാട്. ചുണ്ടേലിൽ ആസൂത്രിതമായ അപകടം നടന്ന് മൂന്നാം നാളിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പ്രതികൾക്കുള്ള മുൻ വൈരാഗ്യവും കൂടോത്രപ്പകയും ആണ് ഓട്ടോ ഡ്രൈവറായ നവാസിന്‍റെ കൊലപാതകത്തിന്റെ കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. CCTV ദൃശ്യങ്ങളും, ഫോൺ രേഖകളും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചാണ് പോലീസ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്

ചുണ്ടേല്‍ കോഴിക്കോട് സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലായാണ് കേസിലെ പ്രതികളായ സുമില്‍ഷാദിന്‍റെയും അജിന്‍ഷാദിന്‍റെയും പിതാവ് സുല്‍ഫിക്കറിന്‍റെ ഹോട്ടലും കൊല്ലപ്പെട്ട നവാസിന്‍റെ സ്റ്റേഷനറിക്കടയും. ഇരുകൂട്ടരും തമ്മില്‍ നേരത്തെ വ്യക്തിവൈരാഗ്യമുണ്ട്. കഴിഞ്ഞ 30ന് പുലര്‍ച്ചെ സുല്‍ഫിക്കറിന്‍റെ ഹോട്ടലിന് മുന്നില്‍ കോഴിത്തലകൊണ്ട് കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതു പ്രകാരം സുല്‍ഫിക്കര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇത് ചെയ്തത് നവാസാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുമില്‍ഷാദ്, നവാസ് ഓട്ടോറിക്ഷയില്‍ വരുന്നത് കാത്ത് നിന്ന് ഥാര്‍ ജീപ്പ് വേഗത്തിലോടിച്ച് വന്ന് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു. നവാസ് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡിലേക്ക് പുറപ്പെട്ടതടക്കമുള്ള വിവരം നല്‍കിയത് സഹോദരന്‍ ആയ അജിന്‍ഷാദ് എന്നും പൊലീസ് സ്ഥിരീകിരിച്ചു

കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ ഇനിയും പങ്കാളികള്‍ ഉണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. പ്രദേശത്തെ ലഹരിമാഫിയക്കെതിരെ ഓട്ടോറിക്ഷ ഡ്രൈവര്‍കൂടിയായ നവാസ് നിലപാട് എടുത്തതാണ് കൊലയ്ക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചനാക്കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരുടെ പരാതിയിലടക്കം തുടരന്വേഷണമുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി

Advertisement