ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചു

Advertisement

തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്.എഫ്.ഐക്കാര്‍ യൂണിറ്റ് മുറിയിൽ
തടഞ്ഞു വെച്ചു മർദ്ദിച്ചെന്നു പരാതി.
വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി
മൊഴി നൽകിയിട്ടുണ്ട്.മരത്തില്‍ കയറി കൊടികെട്ടാന്‍ തയാറാകാത്തതിനാണ് മര്‍ദനമെന്ന് വിദ്യാർത്ഥി പറഞ്ഞു.
വിദ്യാർത്ഥിയെ ഇടിമുറിയിൽ തടഞ്ഞു വെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

എസ്.എഫ്.ഐയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഇടിമുറി ആരോപണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വീണ്ടുമുയരുകയാണ്. പ്രാദേശിക പാർട്ടി പ്രവർത്തകനു തന്നെയാണ് ഇത്തവണ മർദ്ദനമേറ്റത്.ഒരു കാലിനു
ശാരീരിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥിയെയാണ് യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചത്.
ക്യാംപസിലെ മരത്തില്‍ കയറി എസ്.എഫ്.ഐയുടെ കൊടികെട്ടാനുള്ള ശാസന അംഗീകരിക്കാത്തതിനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ഇടിമുറിയില്‍ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്,സെക്രട്ടറി വിധു ഉദയ,ഭാരവാഹികളായ മിഥുന്‍,അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതി.വിദ്യാർത്ഥിയെ അടിക്കുന്നത് തടയാനെത്തിയ സുഹൃത്ത് അഫ്സലിനെയും തല്ലി.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചത്.

പരാതി ലഭിച്ചിട്ടില്ലെന്നും,അന്വേഷിച്ചു വസ്തുത ഉണ്ടെന്നു കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി
ആർ ബിന്ദു പറഞ്ഞു. പരാതി നല്‍കി മൂന്ന് ദിവസം കഴിയുമ്പോളും കേസെടുത്തതിനപ്പുറം എസ്.എഫ്.ഐക്കാര്‍ക്കെതിരെ പോലീസ്
നടപടിയൊന്നും ഉണ്ടായിട്ടില്ല.

Advertisement