തിരുവനന്തപുരം:റോഡ് കെട്ടി അടച്ച് ഗതാഗതം സ്തംഭിപ്പിച്ച് തിരുവനന്തപുരത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം നടത്തിയതിന് കേസ്സെടുത്ത് വഞ്ചിയൂർ പോലീസ്.
പൊതു സമ്മേളനത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് അടക്കമുള്ള റോഡിൻ്റെ ഒരു ഭാഗം കെട്ടിയടച്ചത്. ജില്ലാ കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലായിരുന്നു ഈ നിയമലംഘനം. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്.
വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിൽ നിന്ന് കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലൂടെ ജനറൽ ആശുപത്രി ജങ്ങ്ഷനിലേക്കും
പാറ്റൂരിലേക്കും പോകുന്ന പ്രധാന റോഡാണ് സിപിഎം സ്റ്റേജ് കെട്ടി അടച്ചത്. നാല് വരി പാതയുടെ രണ്ട് വരി വടക്ക് ദിശയിലേക്കും രണ്ട് വരി തെക്ക് ദിശയിലേക്കുമാണ്. വടക്ക് ദിശയിലേക്കുള്ള രണ്ട് വരി റോഡ് സ്റ്റേജ് കെട്ടാൻ വേണ്ടി അടച്ചു. തെക്ക് ദിശയിലേക്കുള്ള റോഡിൽ കൂടിയാണ് രണ്ട് ദിശയിലേക്കും ഗതാഗതം
നടന്നത്.രാവിലെ മുതൽ മേഖലയിൽ ഗതാഗത കുരുക്കായിരുന്നു.നിയമം ലംഘിച്ച്
റോഡടച്ച് സ്റ്റേജ് കെട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഗതാഗത സ്തംഭനം ഒഴിവാക്കാൻ സിപിഎം വളണ്ടിയർമാർ ത്രിവേണി ജങ്ങ്ഷനിൽ നിന്ന് പേട്ട റോഡിലേക്ക് വാഹനം വഴി തിരിച്ചു വിടുകയും ചെയ്തപ്പോൾ അവിടെയും പൊലീസുകാർ കാഴ്ചക്കാരായി .സംഭവം വാർത്തയായതോടെയാണ് കെസ്സെടുക്കാൻ പോലീസ് തയ്യാറായത്.