ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി

Advertisement

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
ശബരിമലയിലെ വിഐപി പരിഗണന കിട്ടിയോയെന്ന് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയത് രാവിലെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.