വയനാട് ഉരുൾപൊട്ടൽ ദുരന്തം; ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

Advertisement

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, വയനാട് ദുരിന്ത പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുക്കിൽ വ്യക്തതയില്ലാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഹൈക്കോടതി വിമർശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫിനാൻസ് ഓഫിസർ നാളെ നേരിട്ട് ഹാജരായി കണക്കുകൾ ബോധിപ്പിക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വയനാട് ദുരത്തിന് മുന്പ് ദുരിശ്വാസ നിധിയിൽ എത്രയുണ്ടായിരുന്നു, അതിൽ വിനിയോഗിക്കാവുന്ന തുക എത്രയായിരുന്നു. കേന്ദ്രം അനുവദിച്ചതിൽ എത്ര വിനിയോഗിച്ചു, വയനാട്ടിൽ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ഇനി എത്ര തുക വേണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്തണം. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് എന്ത് ധനസഹായം നൽകുമെന്ന് നാളെത്തന്നെ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു. വയനാട് ദുരന്തവുമായി ബനധപെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

Advertisement