കളർകോട് വാഹനാപകടം, വാഹനം വാടകയ്ക്ക് നൽകിയ ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് കേസെടുത്തു

Advertisement

ആലപ്പുഴ. ആറ് മെഡിക്കൽ വിദ്യാർഥികൾ മരിച്ച കളർകോട് വാഹനാപകടത്തിൽ വാഹനം വാടകയ്ക്ക് നൽകിയ
ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് കേസെടുത്തു. നിയമവിരുദ്ധമായി കാർ വാടകയ്ക്ക് നൽകിയതിനാണ് കേസ്. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും

കാക്കാഴം സ്വദേശി ഷാമിൽ ഖാന് നിയമവിരുദ്ധമായി വിദ്യാർഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി. രണ്ടുതവണ നോട്ടീസ് നൽകി വിളിപ്പിച്ചു ഷാമിൽ ഖാനെ എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയും വാഹനത്തിന്‍റെ രേഖകൾ പരിശോധിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സൗഹൃദത്തിന്റെ പേരിൽ വാഹനം വാടകയ്ക്ക് നൽകുകയായിരുന്ന മൊഴി ആവർത്തിക്കുകയായിരുന്നു പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ഉടമ ഷാമിൽ ഖാൻ. എന്നാൽ വാഹനം വാടകയ്ക്ക് നൽകിയതിന്റെ തെളിവുകൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു

കാർ വാടകയ്ക്ക് വാങ്ങിയതാണെന്ന് അപകടത്തിൽ പെടുമ്പോൾ കാർ ഓടിച്ച ഡ്രൈവർ ഗൗരി കൃഷ്ണ മൊഴി നൽകി. കൂടാതെ ഗൂഗിൾ പേ മാർഗ്ഗം പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വിദ്യാർത്ഥിക്ക് ലൈസൻസ് ഉണ്ടോ എന്ന് പോലും പരിശോധിക്കാതെയാണ് ഷാമിൽ വാഹനം വാടകയ്ക്ക് നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വാഹനം നൽകിയത് കള്ള ടാക്സി ആയി ആണെന്നാണ് റിപ്പോർട്ടിൽ.
കാലപ്പഴക്കം ചെന്ന വാഹനത്തിൽ ഓവർലോഡ് കയറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം മരിച്ച എടത്വ സ്വദേശി ആൽവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന ആൽവിൻ വ്യാഴാഴ്ചയാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള 4 വിദ്യാർത്ഥികളുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്‌.

Advertisement