തിരുവനന്തപുരം. കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കേരള ബാങ്ക് സീനിയർ മാനേജറായ ഉല്ലാസ് മുഹമ്മദ് എന്ന 52 കാരനാണ് മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉത്തരവിട്ടു.
ഉച്ചയ്ക്ക് 1.45 ന് കിഴക്കേ കോട്ടയിൽ സീബ്രാ ലൈനിലൂടെ ക്രോസ് ചെയ്യാൻ ശ്രമിച്ച ഉല്ലാസ് മുഹമ്മദ് ബസ്സുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞമർന്നു. സിഗ്നൽ മാറിയ ഉടൻ കെഎസ്ആർടിസി ബസ്സും കുറുകെ നിന്ന സ്വകാര്യ ബസ്സും ഒരുമിച്ച് മുന്നോട്ടെടുത്തതോടെയാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരുടെ അശ്രദ്ധ മരണകാരണമായി.
കൊല്ലം വാളത്തുങ്കൽ വെൺപാലക്കര സ്വദേശിയാണ് മരിച്ച ഉല്ലാസ് മുഹമ്മദ്. ചാലാ ജുമുഅ മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് ശേഷം മടങ്ങിവരും വഴിയായിരുന്നു അപകടം. കേരള ബാങ്ക് വികാസ് ഭവൻ ശാഖയിലെ സീനിയർ മാനേജറാണ് ഉല്ലാസ്. കിഴക്കേകോട്ടയിൽ സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസുകളും തമ്മിലുള്ള മത്സരം ജീവനെടുക്കുന്നത് ഇതാദ്യമല്ല.
റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ കെ.ബി നാഗരാജുവിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി.