‘4 മാസം മുൻപ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി, കാണാൻ അനുവദിച്ചില്ല’; ഇന്ദികയുടെ മരണത്തിൽ യുവാവ് കസ്റ്റഡിയിൽ

Advertisement

പാലോട് (തിരുവനന്തപുരം) ∙ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം.

ഭർത്താവ് അഭിജിത്തിനെതിരെ ശശിധരൻ പൊലീസിൽ പരാതി നൽകി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. അഭിജിത് നാല് മാസം മുൻപ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.