വടകരയിൽ കാറിടിച്ച് ഒമ്പത് വയസ്സുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും

Advertisement

കോഴിക്കോട് – വടകരയിൽ കാറിടിച്ച് ഒമ്പത് വയസ്സുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിൽ രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരിയായ മുത്തശ്ശി ബേബി മരണപ്പെടുകയും പേരമകൾ 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. വെള്ള കാറാണ് എന്ന സൂചന അല്ലാതെ മറ്റൊരു തെളിവും ഇല്ലാതിരുന്ന കേസിൽ, നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പുറമേരി സ്വദേശി ഷെജീലിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നും ഷെജീൽ തന്നെയാണ് കാർ ഓടിച്ചതെന്നും പോലീസ് കണ്ടെത്തിയത്. സംഭവ സമയം ഷെജീലിൻ്റെ ഭാര്യയും രണ്ട് കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു. അപകടം പുറത്ത് അറിയാതിരിക്കാൻ വിവിധ പ്രവർത്തികളാണ് കുടുംബം ചെയ്തത്. വാഹനത്തിന്റെ ബംബർ ഉൾപ്പെടെയുള്ളവ മാറ്റിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പ്രവർത്തിയാണ് ഷെജീന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ബേബിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദൃഷാനയുടെ ഗതിയും ഇതാകുമായിരുന്നില്ല. ഇതിന് മുതിരാതിരുന്ന കുടുംബം ചെയ്തത് ക്രൂരതയാണ്. സംഭവത്തിൽ ഷെജീലിന്റെ ഭാര്യയെ പ്രതിചേർക്കാനാണ് പോലീസ് നീക്കം. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ദൃഷാനയുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയാണ് കുടുംബം. ഇതിനിടെ വാഹനം കണ്ടെത്തിയത് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. വിദേശത്തേക്കു കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം.