കാനം, നിലപാടുകളിലെ കാര്‍ക്കശ്യം; കനലെരിയുന്ന ഓര്‍മ്മകൾക്ക് ഒരാണ്ട്

Advertisement

കേരള രാഷ്ട്രീയത്തിൽ കാനം രാജേന്ദ്രന്‍ അവശേഷിപ്പിച്ച കനലെരിയുന്ന ഓര്‍മ്മകൾക്കിന്ന് ഒരാണ്ട്. പ്രതിപക്ഷത്തേക്കാൾ പ്രഹര ശേഷിയോടെ, ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായി സിപിഐയെ നിലനിര്‍ത്തിയ കാനം, പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരള രാഷ്ട്രീയത്തിലാകെ തീര്‍ത്തത് തീരാ വിടവാണ്.

കാനം കോട്ടയത്തെ ഒരു കുഞ്ഞു ഗ്രാമമാണ്. കാനം രാജേന്ദ്രൻ പക്ഷെ അങ്ങനെയായിരുന്നില്ല. കോട്ടയത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ തളിരിട്ട് കേരളമാകെ പടര്‍ന്ന് പന്തലിച്ച ഇടതു ശൈലിയായിരുന്നു. നിലപാട് കൊണ്ട് അതിനപ്പുറത്ത് സരസമായ ശൈലികൊണ്ടും കാര്‍ക്കശ്യമുള്ള മൗനം കൊണ്ടും പാര്‍ട്ടിയെയും മുന്നണിയേയും മാത്രമല്ല കേരള രാഷ്ട്രീയത്തെയും കാനം കയ്യിലെടുത്തു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തീരെ ചെറുപ്രായത്തിൽ തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം പാർട്ടി നേതൃത്വത്തിലേക്കും പാര്‍ലമെന്ററി മേഖലയിലേക്കും എല്ലാം ചുവടുമാറിയത്. തുടര്‍ച്ചയായ മൂന്നാം ഊഴവും പാര്‍ട്ടിയുടെ അമരത്ത് തുടരുന്നതിനിടെയാണ് അനാരാഗ്യത്തിന്‍റെ പിടിയിലമര്‍ന്നതും അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞതും.

കാനത്തിന് പാര്‍ട്ടിയിൽ എതിര്‍ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല. മത്സരബുദ്ധിയുള്ളവരെ ചെറുത്തു, സ്ഥാനമോഹികളെ പ്രതിരോധിച്ചു, പ്രായപരിധിയും ഒറ്റത്തവണ മന്ത്രിയെന്ന തീരുമാനവുമെല്ലാം ആര്‍ജ്ജവത്തോടെ നടപ്പാക്കി. നിലപാടുകളിൽ കാര്‍ക്കശ്യം തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം പോലും കാനത്തിന് മേലെ പറക്കാൻ മടിച്ചു.

സിപിഎമ്മിനും പാര്‍ട്ടിക്കും മുന്നണിക്കും മുന്നിൽ അനിഷേധ്യനായ പിണറായി വിജയന‍റെ ഇഎംഎസിന്‍റെ ആത്മകഥ വായിക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു കാനം രാജേന്ദ്രന്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷത്തേക്കാൾ പ്രഹശേഷിയുണ്ടായിരുന്ന ഇടതുമുന്നണിയുടെ തിരുത്തൽ ശക്തി. നിലപാടുകളിൽ പലതിലും വെള്ളം ചേര്‍ത്തും നയങ്ങളിൽ വ്യതിചലിച്ചും ഇടത് ബോധം പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇക്കാലത്ത് കാനം ഉണ്ടായിരുന്ന കാലത്തെ കുറിച്ച് ഓര്‍ക്കുന്ന ഒട്ടനവധി പേരുടെ മനസിലാണ് കാനം രാജേന്ദ്രൻ ഇന്നും ജീവിക്കുന്നത്. കൊച്ചുകളപ്പുരയിടത്തിലെ വീട്ടുവളപ്പിൽ വൻമത്തിന്‍റെ നിഴലിൽ തീര്‍ത്ത സ്മൃതികൂടീരത്തിൽ കനലെരിയുന്ന ഓര്‍മ്മയ്ക്ക് മുന്നിൽ ഒരുപിടി ചുവന്ന പൂക്കൾ

Advertisement