നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മര്‍ദിച്ചെന്ന് സൂചന

Advertisement

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പൊലീസ് പറയുന്നത്.

ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ വ്യക്തമായ്ടിട്ടുണ്ട്.

പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ ഇന്ദുജയുടെ ഭർത്താവ് അഭിജിതിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.