ഇരിട്ടി (കണ്ണൂർ): എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന കയറിൽ ഒരു ജീവൻ കാക്കാനുള്ള ബലം ബാക്കി നിന്നിരുന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദിനെ (60) ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ആ കയറാണ്.
കണ്ണൂർ ചാക്കാട്ടെ ആൾപാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർതോട്ടത്തിൽ ആടുകളെ മേയ്ക്കാനെത്തിയതാണ് മുഹമ്മദ്. അഞ്ച് ആടുകളിലൊന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. അതു വീണാലോ എന്നു കരുതി രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു. വൈകിട്ട് എപ്പോഴോ ആയിരുന്നു ഇത്. ചവിട്ടിനിൽക്കാൻ പടവുകൾ പോലുമില്ലാത്ത കിണറ്റിൽ മോട്ടർ കെട്ടിയിട്ട ചെറു പ്ലാസ്റ്റിക് കയറിൽ പിടിത്തം കിട്ടിയത് രക്ഷയായി. ചവിട്ടിനിൽക്കാൻ ഭിത്തിയിലെ ഒരു കൊച്ചു കല്ലും. പിടിച്ചു കയറാൻ ശ്രമിച്ചാൽ പൊട്ടിവീഴുമെന്നുറപ്പ്; കഴുത്തൊപ്പം വെള്ളത്തിൽ പുലർച്ചെ 4.30 വരെയാണ് മുഹമ്മദ് തണുപ്പിനോടും ഉറക്കത്തോടും പൊരുതി നിന്നത്.
പുലർച്ചെ നാലോടെ റബർ വെട്ടാനെത്തിയവരുടെ കയ്യിലെ ടോർച്ചിന്റെ പ്രകാശം കണ്ടതോടെ പ്രതീക്ഷയായി; അലറി വിളിച്ച് സഹായം അഭ്യർഥിച്ചു. ടാപ്പിങ്ങിനെത്തിയ ഷാജുവും മുജീബും അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാലരയോടെ മുഹമ്മദിനെ കരയ്ക്കു കയറ്റി. മുഹമ്മദിനൊപ്പം കിണറ്റിൽ വീണ ആട് ചത്തെങ്കിലും മറ്റുള്ള ആടുകൾ കിണറിനും ചുറ്റും നിൽപ്പുണ്ടായിരുന്നു.
ഒരു രാത്രി മുഴുവൻ മരണത്തോടു പടവെട്ടി തിരികെ എത്തിയ ആൾക്കു പക്ഷേ, വിശ്രമിക്കാൻ സമയമില്ല. പശുവിനെ വാങ്ങാൻ ഒപ്പം പോകാമെന്നു സുഹൃത്തിനോടു നേരത്തേ പറഞ്ഞതാണ്. വീട്ടിലെത്തി വസ്ത്രം മാറി നേരെ മാലൂരിലേക്ക്.
മുൻപും ഇതുപോലെ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം മുഹമ്മദിനുണ്ട്. രണ്ടുവർഷം മുൻപ്, തടിയുമായിപ്പോയ ലോറി മാഹി കുഞ്ഞിപ്പള്ളിൽ തലകീഴായി മറിഞ്ഞു. ഡോർ തുറന്നു തെറിച്ചുവീണ മുഹമ്മദ് ഓവുചാലിലേക്കും ലോറി ഓവുചാലിനു മുകളിലും പതിച്ചു. ഓവുചാലിന്റെ സുരക്ഷയിൽ അന്നും മുഹമ്മദ് ജീവിതത്തിലേക്ക് തിരികെക്കയറി.