ഭാര്യയെ കൊലപ്പെടുത്തി ആഭരണം കുഴിച്ചിട്ടു, സഹതടവുകാരൻ മോഷ്ടിച്ചു മുങ്ങി; 19 വർഷം ഒളിവിൽ, ഒടുവിൽ വധശിക്ഷ

Advertisement

മാവേലിക്കര; മാന്നാർ ആലുംമൂട്ടിൽ ജംക്‌ഷനു തെക്ക് താമരപ്പള്ളി വീട്ടിൽ ജയന്തിയെ (39) കൊലപ്പെടുത്തിയ ഭർത്താവ് കുട്ടികൃഷ്ണ് (60) വധശിക്ഷ. 19 വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയതും വിചാരണ പൂർത്തിയാക്കി ശിക്ഷിച്ചതും.

2004 ഏപ്രിൽ രണ്ടിന് ഒന്നേകാൽ വയസ്സുള്ള മകളുടെ കൺമുന്നിൽ കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്താണ് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. മൃതദേഹത്തോട് അനാദരവു കാണിക്കുകയും ചെയ്തു. കുട്ടിക്കൃഷ്ണനു വധശിക്ഷയാണ് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഇന്നലെ വിധിച്ചത്.

നാടകീയ രംഗങ്ങളും ഇതിനിടെ ഉണ്ടായി. കൊലക്കേസിൽ ജയിലിൽ കഴിയവേ സഹതടവുകാരനായ മോഷ്ടാവിനോടു ഭാര്യയുടെ ആഭരണങ്ങൾ വീടിനു പിൻവശത്തു വാഴച്ചുവട്ടിൽ കുഴിച്ചിട്ടതായി കുട്ടിക്കൃഷ്ണൻ പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് മാന്നാറിലെത്തി ഇതു കുഴിച്ചെടുത്തു സ്ഥലംവിട്ടു. പൊലീസ് അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ അടൂരിലെ ലോഡ്ജിൽ ജീവനൊടുക്കി. ജയന്തിയുടെ സ്വർണാഭരണങ്ങൾ മകൾക്കു കൈമാറും.

ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേർപെട്ട തല എടുത്തു മൃതദേഹത്തിനു മുകളിൽ വച്ചെന്നുമാണു പ്രോസിക്യൂഷൻ കേസ്. മൃതദേഹത്തോടുള്ള അനാദരവിന് ഒരു വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ അരലക്ഷം രൂപ മകൾ‌ക്കു ലീഗൽ സർവീസ് അതോറിറ്റി വഴി കൈമാറണം. പിഴ അടച്ചില്ലെങ്കിൽ 10 മാസം അധിക കഠിനതടവിനും വിധിച്ചു.

കൊലപാതകത്തിനു പിറ്റേന്ന് ഇയാൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 84 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ച കുട്ടിക്കൃഷ്ണൻ ഒളിവിൽ പോയി. പല പേരുകളിൽ പലയിടങ്ങളിൽ വേഷം മാറി കഴിഞ്ഞ ഇയാളെ 19 വർഷത്തിനു ശേഷം 2023 ഒക്ടോബറിൽ എറണാകുളം തൃക്കാക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പോൾ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.