ഭാരത സഭയുടെ അഭിമാനം വാനോളമുയർത്തി മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ പദവിയിൽ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ചങ്ങനാശ്ശേരി സ്വദേശിയായ മാർ ജോർജ് കൂവക്കാട്.
വത്തിക്കാനിലെ പീറ്റേഴ്സ് ബസിലിക്കയിൽ ചരിത്രനിമിഷം. ഭാരത സഭയ്ക്ക് അഭിമാനം. മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ പദവിയിൽ. കത്തോലിക്കാ സഭയിലെ കർദിനാൾ തിരുസംഘത്തിൽ ഇനി 3 മലയാളികൾ. മാർ ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് 20 പേർക്കൊപ്പം മാർപാപ്പ സ്ഥാന ചിഹ്നങ്ങൾ ആയ മോതിരവും തലപ്പാവും അണിയിച്ച് നിയമന പത്രവും കൈമാറി.
പുതിയ കർദിനാൾമാർ വിശ്വാസപ്രമാണം ചൊല്ലി സഭയോടും മാർപാപ്പയോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു. സിറോ മലബാർ സഭയുടെ പൗരസ്ത്യ പാരമ്പര്യത്തിലുള്ള
തിരുവസ്ത്രവും തലപ്പാവുമാണ് മാർ ജോർജ് കൂവക്കാട് സ്വീകരിച്ചത്. മാതൃ ഇടവകയായ ചങ്ങനാശ്ശേരി മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ പ്രാർത്ഥനകളും, കരഘോഷവും, ആഹ്ലാദവും.
മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ 80 വയസാകും വരെ കർദിനാൾമാർക്ക് വോട്ടവകാശമുണ്ട്. 51കാരനായ മാർ ജോർജ് കൂവക്കാട് 2004-ലാണ് വൈദികനായി അഭിഷിക്തനായത്. 2006 മുതൽ വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിൽ. തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൻ്റെ ഭാഗമായ മാർ കൂവക്കാട് നിലവിൽ മാർപാപ്പയുടെ അപ്പസ്‌തോലിക യാത്രകളുടെ ഏകോപന ചുമതലയാണ് നിർവഹിക്കുന്നത്.