ശബരിമല. സന്നിധാനത്ത് നടൻ ദിലീപിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്ത്.
സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാർക്കും ബോർഡ് അംഗങ്ങൾക്കുമുള്ള ദേവസ്വം കോംപ്ലക്സിലാണ്. വിഐപികൾക്ക് താമസസൗകര്യം നൽകേണ്ടത് ശബരി ഗസ്റ്റ്ഹൗസിലാണ്. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടുന്ന വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി.
ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അടിമുടി വീഴ്ച. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീർത്ഥാടകർക്ക് ദർശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നൽകിയത്. മന്ത്രിമാരും ദേവസ്വം ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം ഓഫീസ് കോംപ്ലക്സിൽ മുറി നൽകി. വാടക പോലും വാങ്ങാതെയായിരുന്നു സൗകര്യം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം താമസിക്കുന്ന ഇടത്ത് മുറി നൽകിയതിൽ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ബോർഡിന് കൈമാറി.
നിലവിൽ രണ്ടു ഉദ്യോഗസ്ഥർക്കും രണ്ട് ജീവനക്കാർക്കും ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അന്വേഷിച്ച് നടപടിയെടുക്കാൻ ദേവസ്വം മന്ത്രി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമലയിലെ വിഐപി പരിഗണനയ്ക്കെതിരെ ഹൈക്കോടതി അതിരൂക്ഷ വിമർശന ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തുവരുന്നത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചു നടപടി നാല് പേരിൽ ഒതുക്കാൻ നീക്കം എന്നാണ് സൂചന