വാർത്താനോട്ടം

Advertisement

2024 ഡിസംബർ 09 തിങ്കൾ

🌴 കേരളീയം 🌴

🙏 സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഇന്ന് പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

🙏ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

🙏 കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

🙏 യാക്കോബായ-
ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ സമവായത്തിന് വഴിതുറക്കുന്നു. തര്‍ക്കമുള്ള പള്ളികളില്‍ ആരാധനാ സൗകര്യം പങ്കിടാമെന്ന നിര്‍ദേശവുമായി യാക്കോബായ സഭ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് രംഗത്ത്. പൊതുയോഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭരണവും മറ്റുള്ളവര്‍ക്ക് ആരാധനാ സൗകര്യവും നല്‍കാം എന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

🙏 പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു വിശ്രമ കേന്ദ്രം. വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

🙏 ശബരിമല ഭക്തന്മാര്‍ക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്ബോട്ട് ‘ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

🙏 റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും. ഡിസംബര്‍ 12 ന് ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്.

🙏 ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് വികസനത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഗുരുവായൂരിലെ യാര്‍ഡ് വികസനം, തിരുനാവായ പദ്ധതിയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷന്‍ തലത്തില്‍ ഏറ്റെടുക്കണമെന്ന് യാത്രക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.

🙏 പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മ്മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ക്ഷേത്ര ഉത്സവ കൂട്ടായ്മയാണ് ആചാര സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.

🙏 പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റില്‍. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മര്‍ദ്ദനവും ആണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഗൂഢാലോചനയും ശാരീരിക, മാനസിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

🇳🇪 ദേശീയം 🇳🇪

🙏 സ്‌കൂള്‍ കുട്ടികള്‍
ക്കായുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ രണ്ടാം തീയതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയത്തിന് അംഗീകാരം നല്‍കിയത്.

🙏 പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെയാണ് കര്‍ഷകര്‍ ദില്ലി മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം.

🙏 അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ ഏകീകൃത സിവില്‍ കോഡിനെകുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം തന്നെ ഇന്ത്യ പ്രവര്‍ത്തിക്കുമെന്നും ഏകീകൃത സിവില്‍ കോഡ് ഉടന്‍ യഥാര്‍ത്ഥ്യമാകുമെന്നും പറഞ്ഞ അദ്ദേഹം ഹിന്ദു സംസ്‌കാരം മുസ്ലീം വിഭാഗത്തിലുള്ളവര്‍ പിന്തുടരുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഹിന്ദു സംസ്‌കാരത്തോട് അനാദരവ് കാട്ടരുത് എന്നാണ് ആഭ്യര്‍ത്ഥനയെന്നും കൂട്ടിച്ചേര്‍ത്തു.

🇦🇴 അന്തർദേശീയം 🇦🇺

🙏 ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ ഭരണ നിയന്ത്രണം വിമത സായുധ സംഘം പിടിച്ചെടുത്തു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി സര്‍ക്കാര്‍ സേന പിന്മാറുകയായിരുന്നു.

🙏 രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍. അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന ആയിരകണക്കിന് തടവുകാരെ മോചിപ്പിച്ചു.

🙏 സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെന്നും അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ സ്ഥിരീകരണം. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. തലസ്ഥാന നഗരം കീഴടക്കിയതായി വിമതര്‍ പ്രഖ്യാപിക്കുന്ന സമയം ഡമാസ്‌കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.

🏑 കായികം 🏏

🙏 ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷ് സ്വന്തമാക്കിയത്. ചാന്പ്യന്‍ഷിപ്പിലെ രണ്ടാം ജയത്തോടെ ഡി ഗുകേഷിന് ആറ് പോയിന്റായി. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ലോക ചാന്പ്യന്‍ ആകാന്‍ ഗുകേഷിന് വേണ്ടത് ഇനി ഒന്നര പോയിന്റ് മാത്രം. നിലവിലെ ചാന്പ്യനായ ചൈനീസ് താരം ഡിംഗ് ലിറന് 5 പോയിന്റാണുള്ളത്.

🙏 അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന്. ഫൈനലില്‍ ഇന്ത്യയെ 59 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 32.2 ഓവറില്‍ 139 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

🙏 ഇന്ത്യക്കെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിലും ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് വനിതകള്‍ സ്വന്തമാക്കി.

🙏 അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര 1-1 ന് സമനിലയിലാക്കി ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും പതറിയ ഇന്ത്യ 18 റണ്‍സ് മാത്രം ലീഡെടുത്ത് 175ന് ഓള്‍ഔട്ടാവുകയായിരുന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here