മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു,സംഘര്‍ഷം ലാത്തി ചാര്‍ജ്ജ്

Advertisement

കാഞ്ഞങ്ങാട്. മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹോസ്റ്റൽ വാർഡന്റെയും, ആശുപത്രി മാനേജ്മെന്റിന്റെയും മാനസിക പീഡനം മകൾ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു… സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ല എന്ന് ആരോപിച്ച് വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു….

പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് മൻസൂർ ആശുപത്രിയിലേക്ക് ഉണ്ടാവുന്നത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്… ഇന്ന് രാവിലെ മുതൽ കുട്ടിക്ക് കടുത്ത പനി ഉണ്ട്. ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്… ഹോസ്റ്റൽ വാർഡന്റെയും, ആശുപത്രി മാനേജ്മെന്റിന്റെയും മാനസിക പീഡനത്തെ കുറിച്ച് മുൻപ് മകൾ പരാതിപ്പെട്ടിരുന്നുവെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു.

ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യുവജന സംഘടനകൾ മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി…. എസ്എഫ്ഐ നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

സംഘർഷത്തിൽ മൂന്നു പോലീസുകാർക്കും പരിക്കേറ്റു. ചീമേനി സ്റ്റേഷനിലെ എസ് ഐ സുരേഷ്, ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ വിനീഷ്, നീലേശ്വരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജിത് എന്നിവർക്കാണ് പരുക്കേറ്റത്. ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി…. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിന് തലയ്ക്ക് പരിക്കേറ്റു…

മാനേജ്മെന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും പോലീസ് സമ്മതിച്ചില്ല… ഇതോടെ പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി….

പോലീസിന്റെ കണ്ണ് വെട്ടിച്ച് അഞ്ചോളം എബിവിപി പ്രവർത്തകർ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിച്ചു…. മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

നഴ്സിംഗ് വിദ്യാർത്ഥി പ്രതിനിധികളുമായി ഹോസ്ദുർഗ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി… കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആണ് പോലീസിന്റെ തീരുമാനം….