മലപ്പുറം.വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമസ്ത ലീഗ് നേതൃത്വങ്ങൾ വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം യോഗത്തിൽ നിന്ന് വിട്ടുനിന്നു. ചിലർ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും മുശാവറക്ക് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് വരാതിരിക്കുന്നത് ധിക്കാരമാണെന്ന സാദിഖലി ശിഹാബ് തങ്ങളുടെ സമ്മർദ്ദവാക്കുകളും ഫലം കണ്ടില്ല. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം സമവായ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചു ചേർത്ത ആദ്യ ചർച്ച തന്നെ പാളി. ജിഫ്രി മുത്തുകോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുള്ള മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രശ്നപരിഹാരചർച്ച. സമസ്തയിലെ ലീഗ് അനുകൂല പക്ഷമായ അബ്ദുസമദ് പൂക്കോട്ടൂർ നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ ചർച്ചയ്ക്ക് എത്തി.
യോഗത്തിനുശേഷം സംയുക്ത വാർത്താ സമ്മേളനം. ചില ആളുകൾ വരാനുള്ള അസൗകര്യം അറിയിച്ചിരുന്നു ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജിഫ്രി തങ്ങൾ. സമസ്തയിൽ രണ്ടു പക്ഷമില്ല. വിട്ടുവീഴ്ച മനോഭാവമാണ് പ്രധാനം.
അഭിപ്രായവ്യത്യാസം കൂടിയിരുന്ന് പറഞ്ഞു തീർക്കുക എന്നതാണ് ഉദ്ദേശിച്ചിരുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ചുരുക്കത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത ചർച്ചയിലെ കല്ലുകടി എത്ര വലിയ വിള്ളലാണ് നിലനിൽക്കുന്നതെന്ന് കൂടുതൽ തെളിയിക്കുന്നതായി മാറി.