ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ്, ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി, 24കാരൻ അറസ്റ്റിൽ

Advertisement

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ കുടുങ്ങിയത് റേഡിയോളജിസ്റ്റായ യുവാവ്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് 24കാരൻ പിടിയിലായത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർ എസ്. എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 24കാരനെ പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ചുഗ്രാം എംഡിഎംഎയും നാല് ഗ്രാം ചരസുമാണ് പിടിച്ചെടുത്തത്. ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ബെംഗളൂരുവിൽ റേഡിയോളജിസ്റ്റിയി ജോലി ചെയ്യുന്ന യുവാവ് ക്രിസ്തുമസ് കാലത്ത് വിൽപന നടത്താൻ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിച്ചത്.

സമാനമായ മറ്റൊരു സംഭവത്തിൽ മുത്തങ്ങ ചെക്പോസ്റ്റിൽ നിന്ന് യുവാവിൽ നിന്ന് മെത്താഫിറ്റമിന്‍ പിടികൂടിയത് ഇന്നലെയാണ്. കോഴിക്കോട് അടിവാരം പൂവിലേരി വീട്ടില്‍ മുഹമ്മദ് ഫയാസ് (29) ആണ് അറസ്റ്റിലായത്. 30 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കേരള ആര്‍ടിസി ബസിലായിരുന്നു പിടിയിലായ യുവാവ് എത്തിയത്. സംശയം തോന്നി ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്തുമസ്-പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.