പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് തടവ് ശിക്ഷ

Advertisement

പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് തടവും പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവ് ശിക്ഷയും ആയിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ ചേര്‍ത്തല സബ് ഇന്‍സ്‌പെക്ടറായിരുന്നു മധുബാബു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചു.
2006 ഓഗസ്റ്റിലായിരുന്നു എസ്‌ഐയുടെ ചൊറിയണം പ്രയോഗം. സിദ്ധാര്‍ഥന്‍ എന്നയാളെ എസ്‌ഐ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. മേഖലയിലെ ഒരു കയറുഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ഥന്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചേര്‍ത്തല എസ്.ഐ ആയിരുന്ന മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് തന്നെ നഗ്‌നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാര്‍ഥന്‍ പിന്നീട് പരാതി ഉന്നയിക്കുകയും രേഖാമൂലം പൊലീസിനെ സമീപിക്കുകയും ചെയ്തു. പരാതിയില്‍ ഒരു വര്‍ഷത്തിന് ശേഷം 2007-ല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ കേസിന്റെ നടപടികള്‍ ദീര്‍ഘമായി നീളുകയായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിദ്ധാര്‍ഥന് നീതി ലഭിച്ചത്.