സിപിഎം ജില്ലാ സമ്മേളനം,കരുനാഗപ്പള്ളി നേതൃത്വത്തിനെതിരെ കടുത്ത നടപടി ?

Advertisement

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് മയ്യനാട്ട് കൊടി ഉയർന്നു.ആളിക്കത്തിയ വിഭാഗീയതയുടെ പേരിൽ പാർടിക്ക് കളങ്കമുണ്ടാക്കിയ കരുനാഗപ്പള്ളിയിലെ സംഭവത്തിൽ സംസ്ഥാന നേതൃത്വം വിട്ടുവീഴ്ച ചെയ്യില്ലെന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്.

ഉത്തരവാദികളായ നേതാക്കൾക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും.പുതിയ ജില്ലാ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കൽ ചർച്ചകൾ നേതൃത്വം തുടങ്ങി കഴിഞ്ഞു.കരുനാഗപ്പള്ളിയിലെ ഔദ്യോഗിക പക്ഷത്തിൻെറ മുഖമായ DYFI മുൻ സംസ്ഥാന പ്രസിഡണ്ട് പി.ആർ വസന്തൻ, മുൻ ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ എന്നിവരെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും.നിലവിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കുലശേഖരപുരത്ത് നിന്നുള്ള വിമതപക്ഷത്തെ സി.രാധാമണിയും ജില്ലാകമ്മിറ്റിയിൽ നിന്ന് പുറത്താകാനാണ് സാധ്യത.വിമത ചേരിയെ നയിച്ച സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും.പിന്നാലെ കൂടുതൽ നടപടികളിലേക്ക് പാർടി കടക്കുമെന്നാണ് എം.വി ഗോവിന്ദൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടിൻ മേൽ നടത്തിയ പ്രസംഗത്തിൽ നിന്ന് വ്യക്തമാകുന്നത്.

കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്ന് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ കൂടുതൽ തലകൾ ഉരുളുമെന്ന ധ്വനിയാണുള്ളത്‌.ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി പ്രതീക്ഷിക്കുന്ന എസ്.സുദേവന് മുന്നിൽ കരുനാഗപ്പള്ളി ഒരു കടമ്പയാകും.അതിനിടെ കടുത്ത നടപടികൾ ഒഴിവാക്കുന്നതിന് ഇരുവിഭാഗങ്ങളും സംസ്ഥാന നേതൃത്വത്തിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. പക്ഷേ പാർടി പിന്നോട്ടില്ല എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളിലുള്ളത്.