നിലമ്പൂർ. കരുളായി ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണ കാരണം പാറയ്ക്ക് മുകളിൽ നിന്ന് വീണതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടയെല്ലും ഇടുപ്പിന്റെ എല്ലും പൊട്ടിയിട്ടുണ്ട്. 34 വയസ്സുകാരി മാത്തിയെ കൊലപ്പെടുത്തിയതാണെന്ന ഓഡിയോ സന്ദേശം വ്യാജമെന്നും തെളിഞ്ഞു. നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിൽ കുപ്പമലയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം .
നവംബർ 30നാണ് കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാത്തി മരിച്ചത്. വിവരം പുറത്തറിയുമ്പോഴേക്കും ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തി മൃതദേഹം പാറയ്ക്കു മുകളിൽ നിന്ന് താഴേക്കിട്ടതാണെന്ന് ചോല നായ്ക്ക വിഭാഗത്തിൽ തന്നെ പെട്ട യുവാവിന്റെ ശബ്ദ സന്ദേശമാണ് സംശയവും ദുരൂഹതയും ഉയർത്തിയത്. തുടർന്ന് പൂക്കോട്ടുംപാടം പോലീസിനെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഭർത്താവിന്റെയും മാത്തിയുടെ സഹോദരന്റെയും മൊഴിയെടുത്തു.
താമസിക്കുന്ന പാറയ്ക്ക് മുകളിൽ നിന്ന് കാല് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള അനുമതി ലഭിച്ചു. ഇന്നലെ നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ ഫോറൻസിക് സർജന്മാരും പോലീസും വനം വകുപ്പും കുപ്പമലയിലെത്തി പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം 50 അടിയോളം താഴ്ചയിലേക്ക് വീണതാണ് മരണകാരണം. ഇടുപ്പിലെ എല്ലും തുടയെല്ലും പൊട്ടിയിട്ടുണ്ട്. കൊലപ്പെടുത്തി എന്ന ശബ്ദ സന്ദേശം വ്യാജമെന്നും പോലീസ് കണ്ടെത്തി.
കരുളായിൽ നിന്ന് വനത്തിനുള്ളിൽ 30 കിലോമീറ്റർ അകലെയാണ് കുപ്പമല. ഇതിൽ പകുതി ദൂരവും നടന്നു കയറണം. പ്രാക്തന ഗോത്രവർഗ്ഗമായ ചോലനായ്ക്കർ മലയുടെ മുകളിൽ വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഗുഹ പോലെയുള്ള സംവിധാനമൊരുക്കികയാണ് കഴിയുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബന്ധുക്കൾ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. പോലീസ് തന്നെയാണ് പാറയിടുക്കിൽ മൃതദ്ദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്തിയത്.