അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികള്‍ പിടിയില്‍

Advertisement

മലപ്പുറം. പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രധാന പ്രതി പൊന്നാനി സ്വദേശി സുഹൈൽ എന്ന് പോലീസ്. പിടിയിലായ സുഹൈൽ, നാസർ, മനോജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച നടത്തിയതിൽ 1100 ഗ്രാം സ്വർണം കണ്ടെടുത്തതായി മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു.

ഏപ്രിൽ 13നാണ് പൊന്നാനിയെ നടുക്കി രാജീവ് എന്ന പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണം കവർച്ച നടത്തിയത്. സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തി. വീട്ടിലെ സിസിടിവി യുടെ ഡിവിആർ പ്രതി നശിപ്പിച്ചത് ഈ വഴിക്കുള്ള അന്വേഷണത്തെ ബാധിച്ചു. സ്ഥിരം കുറ്റവാളിയായ പൊന്നാനി സ്വദേശി സുഹൈൽ ആദ്യം മുതൽ പോലീസിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. സുഹൈലിന്റെ ഭാര്യവീട് കവർച്ച നടന്ന വീടിൻറെ 2 കിലോമീറ്റർ ചുറ്റളവിലാണ്. രാജീവിന്റെ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ സുഹൈൽ ഒറ്റയ്ക്ക് വീട്ടിൽ കയറി ലോക്കർ കുത്തി തുറന്ന് മോഷണം നടത്തി എന്നാണ് മൊഴി. ഇത് പൂർണ്ണമായും പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. നാസർ ഗൂഢാലോചനയിൽ ഉണ്ടായിരുന്നു. കവർച്ച നടത്തിയ സ്വർണം വിൽപ്പന നടത്തുന്നതിൽ മനോജ് സഹായിച്ചു.

350 പവൻ സ്വർണത്തിൽ 1100 ഗ്രാം സ്വർണവും ഏഴര ലക്ഷം രൂപയും രണ്ടു ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനാണ് സാധ്യത എന്നും എസ് പി ആർ വിശ്വനാഥ്.

കവർച്ച നടത്തിയ സ്വർണം വിൽപ്പന നടത്തിയതും കേരളത്തിൽ തന്നെ . അന്വേഷണത്തിന്റെ ആദ്യഘട്ടം മാത്രമാണ് പൂർത്തിയായിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here