ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ശാന്തിഗിരിയിൽ പീസ് കാർണിവൽ ഡിസബർ 20 മുതൽ

Advertisement

തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും നേതൃത്വത്തിൽ ഡിസംബർ 20 വെളളിയാഴ്ച പീസ് കാർണിവലിന് തുടക്കമാകും. വിപുലമായ പരിപാടികളോടെ എല്ലാ വർഷവും നടക്കുന്ന കാർണിവലിന് ഇത്തവണ വേദിയാകുന്നത് പോത്തൻകോട് ശാന്തിഗിരി ആശ്രമമാണ്.

കാർണിവലിന്റെ ഭാഗമായി ഡിസംബർ 20 ന് ശാന്തിഗിരി ഫെസ്റ്റ് നഗരിയിൽ ക്രിസ്തുമസ് നക്ഷത്ര വിളക്ക് തെളിയിക്കും. ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എ മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ഡിസംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മെഗാ കരോൾഗാന മത്സരം നടക്കും. വിവിധ ചർച്ച് ഗ്രൂപ്പുകളുടെ കരോൾ ഗാനസംഘങ്ങൾ വേദിയിൽ മാറ്റുരയ്ക്കും. പ്രശസ്ത സംഗീതജ്ഞർ ഉൾപ്പടെയുളളവരാകും മത്സരം വിലയിരുത്തുക. മെഗാ കരോൾഗാന മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇരുപത്തി അയ്യായിരം രൂപ ഒന്നാം സമ്മാനവും പതിനയ്യായിരം രൂപ രണ്ടാം സമ്മാനവും പതിനായിരം രൂപ മൂന്നാം സമ്മാനവുമാണ് പ്രഖ്യപിച്ചിട്ടുളളത്.

ഡിസംബർ 22 ഞായറാഴ്ചയാണ് കേക്ക് അലങ്കാര മത്സരം. ഉച്ചയ്ക്ക് 2 മണി മുതൽ ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോൺ ഓഡിറ്റോറിയത്തിലാകും മത്സരം നടക്കുക. ഇതിനായുളള രജിസ്‌ട്രേഷനും പുരോഗമിക്കുകയാണ്. ഡിസംബർ 19 വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അഡ്വ. അമ്പിളി ജേക്കബാണ് പ്രോഗ്രാം കൺവീനർ. ഒന്നും രണ്ടും മൂന്നും സ്ഥാനവിജയികൾക്ക് യഥക്രമം 15,000, 10,000, 5000 എന്നിങ്ങനെയാണ് സമ്മാനതുക നിശ്ചയിച്ചിട്ടുളളത്.

22 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പീസ് കാർണിവൽ സൌഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ക്രിസ്തുമസ് ആഘോഷത്തിന്റെ ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്റെ പത്‌നി വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച് നിർവഹിക്കും.

ആക്ട്‌സ് മുഖ്യരക്ഷാധികാരി കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ്, ഡോ. ജോസഫ് മാർ ദിവന്ന്യാസോസ് മെത്രപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ബിഷപ്പ് ഡോ.മോഹൻ മാനുവൽ, കേണൽ ജോൺവില്യം പോളിമെറ്റ്‌ല, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, മാർത്തോമാസഭ ഭദ്രാസന സെക്രട്ടറി റവ. ഷിബു പ്ലാവിള, ലൂർദ്ദ് ഫെറാനോ പളളി വികാരി ഫാ.മോർലി കൈതപ്പറമ്പിൽ തുടങ്ങി വിവിധ ആത്മീയ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലുളളവർ ചടങ്ങിൽ പങ്കെടുക്കും.

രാത്രി 7 ന് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീതരാവോടെയാകും പീസ് കാർണിവൽ സമാപിക്കുക. സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം ഉൾക്കൊളളുന്ന ക്രിസ്തുമസ് ആഘോഷം മാനവികതയുടെ മണ്ണിൽ അരങ്ങേറുന്നത് ലോകത്ത് നടക്കുന്ന വേറിട്ട ആഘോഷമാകുമെന്ന് ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരോൾ ഗാന മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൺവീനർ ഷെവലിയാർ കോശി.എം. ജോർജിനെ 9496040085 എന്ന നമ്പരിലും കേക്ക് അലങ്കാര മത്സരത്തിൽ പങ്കെടുക്കുന്നതിന് ഡെന്നീസ് ജേക്കബ്- 8139006939, ഡോ. സുരേഷ് രാജ് 9446022080 എന്നിവരെയും ബന്ധപ്പെടാവുന്നതാണ്.

കവടിയാർ സാൽവേഷൻ ആർമി ഹെഡ് ക്വാർട്ടേഴ്‌സിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പോളിമെറ്റ്‌ല, പീസ് കാർണിവൽ സംഘാടകസമിതി ചെയർമാൻ ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ശാന്തിഗിരി ഫെസ്റ്റ് ഓഫീസ് ഇൻ-ചാർജ് സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, സാജു ദാനിയേൽ ,ജനറൽ കൺവീനർ സാജൻ വേളൂർ, ഷെവ. കോശി. എം. ജോർജ്, ഡെന്നീസ് ജേക്കബ് എന്നിവർ പങ്കെടുത്തു.