മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികളാണ് മരിച്ചവര്‍.
തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കരിമ്പ പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ ആരോപിച്ചു. ലോറി തെന്നി നിയന്ത്രണം വിട്ടുവെന്നാണ് കരുതുന്നത്. റോഡ് നിരന്തരം അപകടം ഉണ്ടാക്കിയിട്ടും നടപടി എടുക്കാതിരുന്ന അധികൃതര്‍ക്കെതിരെ പ്രതിക്ഷേധം ഇരമ്പുകയാണ്. സ്ഥലത്ത് ജനം റോഡ് ഉപരോധിച്ചു.