വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ പൊലീസിനെ അതി രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Advertisement

കൊച്ചി.തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സി.പി.എം ഏരിയാ സമ്മേളനത്തിൽ പൊലീസിനെ അതി രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡിൽ കെട്ടിയ സ്റ്റേജ് അഴിച്ച് മാറ്റിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പൊലീസ് സ്റ്റേഷന്റെ മുന്നിലല്ലേ സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിന് സ്റ്റേജ് കെട്ടിയതെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. സ്‌റ്റേജ് അഴിച്ചുമാറ്റിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് ? വിഷയം സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞോ? സമ്മേളനത്തിൽ പങ്കെടുത്തവരും പ്രസംഗിച്ചവരും ആരൊക്കെ? സ്‌റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത്, അവരെ പ്രതികളാക്കിയോ?ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത് ? അവിടെയുണ്ടായിരുന്ന നാടക സംഘത്തിന്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്‌കൂള്‍ ബസ് ഉപയോഗിച്ചോ? ഇതിന് പിന്നാലെ പൊലീസിന്റെ ചുമതലയെന്താണെന്നും ഹൈക്കോടതിയുടെ ചോദ്യം.

സ്റ്റേജ് നീക്കം ചെയ്യാൻ സമ്മേളന കൺവീനറായ വഞ്ചിയൂർ ബാബുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, അനുസരിച്ചില്ലെന്നും എസ്.എച്ച്.ഒ അറിയിച്ചു. തടഞ്ഞത് വഴിയാത്രക്കാര്‍ സഞ്ചരിക്കുന്ന സ്ഥലമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങളുണ്ടെന്ന് വാര്‍ത്താ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോടതി നിരീക്ഷിച്ചു. പൊതുവഴി തടഞ്ഞുള്ള പരിപാടി പൊലീസ് തടയണമായിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തിങ്കളാഴ്ച ഡി.ജി.പി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. പൊലിസ് ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും, ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന് നോക്കിയല്ല നിയമ നടപടി സ്വീകരിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.

Advertisement