പാലക്കാട്. പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം. മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാര്‍ഥികളുടെ സംസ്‌കാരം നാളെ നടക്കും.
ആശുപത്രിയില്‍ നിന്ന് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനര്‍ വര്‍ഗീസ് ചികിത്സയില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ളത്. ഈ വാഹനത്തിന്റെ ഡ്രൈവറും വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയില്‍. ജോയിന്റ് ആര്‍ടിഒ എന്‍ . എ മോറിസ് നാളെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. വാഹനം ഓടിച്ചവര്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.
നാലു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീടുകളില്‍ എത്തിക്കും. കരിമ്പനക്കല്‍ ഓഡിറ്റോറിയത്തില്‍ ആയിരിക്കും പൊതുദര്‍ശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ അടക്കംചെയ്യും. അതേസമയം സംഭവത്തില്‍ അധികൃതര്‍ക്ക് എതിരെ ജനരോഷം ഇരമ്പി. റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് നാളെ കളക്ടറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേരും.പ്രതിവിധിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.