നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ അന്തരിച്ചു

Advertisement

ആലപ്പുഴ: സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 2013 ല്‍ ആസിഫലി, ബാല, ജഗതി ശ്രീകുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

രണ്ട് വൃക്കകളും തകരാറിലായിരുന്ന ബാലചന്ദ്രകുമാര്‍ ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ തുടര്‍ച്ചയായ ഹൃദയാഘാതം സംഭവിച്ചതും ആരോഗ്യനില വഷളാക്കി. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോ?ഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാക്കുകയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാലചന്ദ്രകുമാറിനെ ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ബൈപ്പാസ് സര്‍ജറി. പിന്നീടാണ് അണുബാധ സ്ഥിരീകരിക്കുന്നത്.