വാർത്താനോട്ടം

Advertisement

2024 ഡിസംബർ 13 വെള്ളി

🌴 കേരളീയം 🌴

🙏 പാലക്കാട് പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റി സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 4 വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം.

🙏 അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. ഒരു വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

🙏പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് നിയന്ത്രണം തെറ്റിവന്ന സിമന്റ് ലോറി മറിഞ്ഞ് വീണത്.

🙏 പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളേയും ഒരുമിച്ച് ഇന്ന് കബറടക്കം. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍നേരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും.

🙏അപകടത്തില്‍ പെട്ട സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

🙏വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതേയും വയനാടിനായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതേയും ചര്‍ച്ച പൂര്‍ത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്‍മേല്‍ സംസാരിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക് സഭയില്‍ നല്‍കിയില്ല.

🙏പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നാണ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

🙏പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയില്‍ പറഞ്ഞു.

🙏 കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്.

🙏എഡിഎം നവീന്‍ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയെ അറിയിച്ചു. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു.

🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

🙏നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസയച്ചു. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന ആക്രമിക്കപ്പെട്ട നടിയിുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

🙏വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം കിട്ടാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി അറിയിച്ചു.

🙏 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

🙏തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്ന സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

🙏 പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇന്നലെ ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു.

🇳🇪 ദേശീയം 🇳🇪

🙏ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു. നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമില്‍ അട്ടിമറിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്.

🙏തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരായിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

🙏മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. സര്‍വേകള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളില്‍

🙏 ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാരായണ്‍പൂര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള അബുജ്മര്‍ പട്ടണത്തോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്..

🙏രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചതായും ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

🏏 കായികം 🏑

🙏ലോക ചെസ് കിരീടം നേടിയ ഇന്ത്യയുടെ അഭിമാനതാരം ഗുകേഷ് ദൊമ്മരാജുവിന് അഭിനന്ദന പ്രവാഹം. സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഗുകേഷ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ വിജയത്തിലൂടെ, ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഉറപ്പിച്ചിരിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു വ്യക്തമാക്കി.

🙏 ലോക ചെസ് ചാമ്പ്യനായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷ് രജനീകാന്ത് – പത്മ ദമ്പതികളുടെ മകനായി 2006 മേയ് 29നാണ് ജനിച്ചത്. പിതാവ് രജനീകാന്ത് ഇഎന്‍ടി സര്‍ജനും അമ്മ ഡോ.പത്മ മൈക്രോബയോളജിസ്റ്റുമാണ്. തെലുങ്കു കുടുംബത്തില്‍ ജനിച്ച ഗുകേഷ് ഏഴാം വയസ്സിലാണ് ചെസ് കളിച്ചു തുടങ്ങിയത്.