കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും, ഇന്നും ജാഗ്രത വേണം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പും

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴ ശക്തമായാൽ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. രണ്ട് ദിവസം ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.