പാലക്കാട്. കരിമ്പ വാഹനാപകടം, ലോറി ഡ്രൈവർമാർ റിമാൻഡിൽ. കാസർകോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിൻ ജോൺ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്
കരിമ്പയിൽ നാലു കുട്ടികളുടെ ജീവൻ കവർന്ന റോഡപകടത്തിന് ശേഷം കണ്ണുതുറന്ന അധികാരികൾ നാളെ പ്രദേശത്ത് സുരക്ഷ ഓഡിറ്റിംഗ് നടത്തും. വേഗത നിയന്ത്രിക്കാൻ പോലീസിന്റെ കർശന പരിശോധന ആരംഭിക്കാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രദേശത്ത് കടുത്ത ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. റോഡ് പരിപാലിക്കുന്നതിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കെ ശാന്തകുമാരി എംഎൽഎ 24 നോട് പറഞ്ഞു.
പനയമ്പാടത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ഗുരുതര പരാതികളാണ് നാട്ടുകാർക്ക് പറയാനുള്ളത്. നാല് കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെ ജനരോഷം ഇന്നലെ അണപൊട്ടി.
ഈ സാഹചര്യത്തിലാണ് നാട്ടുകാരുമായി ഇന്ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചർച്ച നടന്നത്. റോഡിലെ വളവ് അടക്കം എല്ലാ പ്രശ്നങ്ങളും യോഗത്തിൽ നാട്ടുകാർ ഉന്നയിച്ചു. അമിതവേഗത നിയന്ത്രിക്കാൻ ഇന്നുമുതൽ പോലീസ് പരിശോധന , ദിവസവും ചെയ്യേണ്ട ജോലികൾ പ്രത്യേകം വിലയിരുത്താനും തീരുമാനം. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ആയിരുന്നു നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി യോഗം ചേർന്നത്.
പോലീസും മോട്ടോർ വാഹന വകുപ്പും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേർന്നുള്ള ടീം സുരക്ഷ ഓഡിറ്റിംഗ് നാളെ നടത്തും. ഇതിലെ നിർദ്ദേശങ്ങൾ വെച്ച് പദ്ധതി തയ്യാറാക്കും. റോഡിൽ ഗ്രിപ്പ് വയ്ക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി.