ഇടുക്കി. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിയാരെന്ന ചോദ്യം ബാക്കിയാണ്. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് ആറ് വയസുകാരിയുടെ കുടുംബവും, പോലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇത് തെളിയിക്കുന്നതിന് വേണ്ടി കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രോസിക്യൂട്ടറെ ഇതുവരെ സർക്കാർ നിയമിച്ചിട്ടില്ല.
ഹൈക്കോടതിയിൽ ആറു വയസ്സുകാരിയുടെ കുടുംബം നൽകിയ അപ്പീലിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വേഗത്തിൽ നിയമിക്കുമെന്ന മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പത്തുമാസമായി ഇത് പാഴ്വാക്കായി തുടരുകയാണ്. സർക്കാരിൻറെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറായി നിയമിക്കാൻ മൂന്ന് പേരുടെ പേരുകൾ കുടുംബംനൽകിയിട്ടുണ്ട്.
ആറു വയസ്സുകാരിയുടെ പിതാവ്, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സത്വര നടപടി ഉറപ്പുനല്‍കിയിരുന്നു,ഒന്നുമുണ്ടായില്ല. അർജുൻറെ കുടുംബത്തിൻറെ ഭീഷണി ഭയന്നാണിവരിപ്പോഴും കഴിയുന്നത്.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. പെൺകുട്ടിയുടെ സമീപവാസിയായ അർജുൻ പ്രതിയാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. അർജുനെ കുറ്റ വിമുക്തനാക്കികൊണ്ടുള്ള കട്ടപ്പന പോക്സോ കോടതി വിധിയിൽ പോലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. ഇതുൾപ്പെടെ തെളിയിക്കാനുള്ള കുടുംബത്തിൻറെ പ്രതീക്ഷയാണ് സർക്കാരിൻറെ അലംഭാവം മൂലം തടസ്സപ്പെട്ടിരിക്കുന്നത്