തൃശൂര്‍. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന് നോട്ടീസ്. ചാനലിനോട് നടത്തിയ നിർണായക വെളിപ്പെടുത്തൽ രഹസ്യമൊഴിയായി രേഖപ്പെടുത്തുന്നത് സംബന്ധിച്ചാണ് നോട്ടീസ് ലഭിച്ചത്. കേസിലെ പുനരന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തും. തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും അത് രഹസ്യ മൊഴിയായി നൽകുമെന്നും തിരൂർ സതീഷ് പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ പണം എത്തിച്ചുവെന്നും, പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നുചാനലിനോട് നടത്തിയ വെളിപ്പെടുത്തൽ. ഇതോടെ കേസിൽ തുടരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തിരൂർ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം. തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും. രഹസ്യ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരൂർ സതീശന് പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകി. അന്വേഷണത്തിൽ നേതാക്കളുടെ പങ്ക് പുറത്തുവരും എന്നാണ് തിരൂർ സതീഷ് പ്രതികരിച്ചു.
രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം സജീവമാക്കാനാണ് നിലവിൽ എസ് ഐ ടിയുടെ തീരുമാനം.