വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയിൽ മധുവിധു, വീട്ടിലേക്കുള്ള യാത്ര കണ്ണീരോർമ്മയായി, അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്പ്

Advertisement

പത്തനംതിട്ട: വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രം. മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും പിതാക്കന്മാരും അപകടത്തിൽ മരിച്ചു.

മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു.

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പുനലൂർ–മൂവാറ്റുപുഴ റോഡ് നിർമാണം പൂർത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർഗങ്ങൾ തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.

ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here