‘മുഖത്തും ശരീരത്തിലും നഖം കൊണ്ട പാട്, ചുണ്ടിൽ മുറിവ്’; 7 വർഷമായി, മിഷേലിൻറെ മരണത്തിൽ നീതി കാത്ത് കുടുംബം

Advertisement

കൊച്ചി: പിറവം സ്വദേശിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം എഴ് വർഷത്തിനിപ്പുറവും ദുരൂഹമായി തന്നെ തുടരുകയാണ്. ആത്മഹത്യയെന്ന് ലോക്കൽ പൊലീസ് തീർപ്പ് കൽപ്പിച്ച കേസിൽ നീതിക്കായി മിഷേലിൻറെ കുടുംബം ഇന്നും പോരാടുകയാണ്.

പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ ഷാജി വർഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാർച്ച് അഞ്ചിനാണ് കാണാതാകുന്നത്. പിറ്റേന്ന് വൈകിട്ട് മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല, എന്നാൽ മകളുടെ മരണം ആത്മഹത്യയല്ലെന്ന് ഷാജി വർഗീസും കുടുംബവും തുടക്കം മുതൽ പറഞ്ഞിരുന്നു.

മിഷേലിൻറെ മൃതദേഹത്തിൽ നിന്ന് തുടങ്ങുന്നു കുടുംബത്തിൻറെ സംശയങ്ങൾ. ശരീരത്തിൽ ആരോ ബലമായി പിടിച്ചതിൻറെ പാടുകൾ, മുഖത്ത് നഖം ആഴത്തിൽ ഇറങ്ങിയതിൻറെ പാട്, ചുണ്ടുകൾ മുറിച്ചതിൻറെ പാട്, ഒരു കമ്മൽ ചെവിയിൽ നിന്ന് വലിച്ച് പറച്ച അവസ്ഥയിലായിരുന്നു. വലതു കയ്യിൽ നാല് വിരൽപാടുകൾ ആരോ വലിച്ച് പിടിച്ച് അമർത്തിയ അവസ്ഥയിൽ കണ്ടു. പക്ഷെ ഇതൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നില്ല, ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഇതൊന്നുമില്ല, ഇതൊക്കെ ആരുടെയോ സമ്മർദ്ദത്തിൽ തിരുത്തിയെന്ന് കുടുംബം വിശ്വസിക്കുന്നു.

സംഭവം നടന്നതിൻറെ പിറ്റേ ദിവസം ഗോശ്രീ പാലത്തിൻറെ ഭാഗത്തേക്ക് മിഷേൽ നടന്നു പോകുന്നുവെന്ന തരത്തിലൊരു സിസിടിവി ദൃശ്യം പുറത്തുവന്നു. മിഷേലിനെ പാലത്തിനടുത്ത് കണ്ടെന്ന സാക്ഷിമൊഴിയുമെത്തി. ഇതെല്ലാം വിലയിരുത്തി പാലത്തിന് മുകളിൽ നിന്ന് കായലിലേക്ക് ചാടി മിഷേൽ ജീവനൊടുക്കിയെന്നായിരുന്നു ലോക്കൽ പൊലീസിൻറെ കണ്ടെത്തൽ. എന്നാൽ ഇത് പാടേ തള്ളിയ കുടുംബം മകൾ ജീവനൊടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. 2017 മാർച്ച് നാലിന് കലൂർ സെൻറാൻറണീസ് പള്ളിയിലെത്തി പ്രാർഥിച്ച് മടങ്ങുന്നതിൻറെ സിസിടിവി ദൃശ്യങ്ങളിലാണ് മിഷേലിനെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേദിവസമാണ് ഐലൻഡിലെ വാർഫിനോട് ചേർന്ന് കൊച്ചി കായലിൽ മിഷേലിൻറെ മൃതദേഹം പൊങ്ങിയത്.

പള്ളിയിൽ നിന്ന് മിഷേൽ ഇറങ്ങിയതിന് പിന്നാലെ രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടിരുന്നു. ഇവരെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. ദുർബലമായൊരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് മിഷേൽ ഗോശ്രീ രണ്ടാം പാലത്തിൽ നിന്ന് ചാടി മരിച്ചതെന്ന് പൊലീസ് തീർപ്പ് കൽപ്പിച്ചിരിക്കുന്നതെന്ന് മിഷേലിൻറെ അച്ഛൻ പറഞ്ഞു. കുടുംബം ആത്മഹത്യ വാദം തള്ളി രംഗത്തെത്തിയതോടെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ആത്മഹത്യക്കപ്പുറം പുതിയതൊന്നും കണ്ടെത്തിയില്ല. മകൾക്ക് നീതി കിട്ടാൻ സിബിഐ വരണമെന്നാവശ്യപ്പെട്ട് മരണം നടന്ന് രണ്ടാംവർഷം കുടുംബം തെരുവിലിറങ്ങി. ജനപ്രതിനിധികളടക്കം പ്രതിഷേധത്തിന് നേതൃത്വം നൽകി.

എന്നാൽ മിഷേലിൻറെ മരണത്തിൽ സിബിഐ അന്വേഷണത്തിൻറെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കോടതിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ചിലത് വീണ്ടും അന്വേഷിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടു. മിഷേലിൻറെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ക്രോണൻ അലക്സാണ്ടറിൻറെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട എസ്എംഎസുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ ഒരിക്കൽകൂടി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 60 എസ് എസംഎസുകളാണ് മിഷേലിൻറെ സുഹൃത്തായ യുവാവ് ഡിലീറ്റ് ചെയ്തത്.

രണ്ടാം ഗോശ്രീ പാലത്തിൽ നിന്നാണ് മിഷേൽ ചാടിയതെന്നതിന് വ്യക്തമായ തെളിവില്ലാത്തതുകൊണ്ട് ഒന്നും രണ്ടും പാലങ്ങളുടെ പരിസരത്ത് പരിശോധന നടത്തണം. രണ്ടിടങ്ങളിൽ നിന്നുള്ള വെള്ളത്തിൻറെ സാംപിളുകളുമെടുത്ത് ഡയറ്റം പരിശോധന നടത്തണം. മൃതദേഹം ഒഴുകി ഐലൻഡിലെ വാർഫിലെത്തിയെന്ന നിഗമനം ഉറപ്പിക്കാൻ വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ ടൈഡൽ സർക്കിളുകളുടെ എണ്ണം കണക്കിലെടുത്ത് ഒരിക്കൽ കൂടി വിലയിരുത്തണം തുടങ്ങിയവയാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിനെ വീണ്ടും എൽപ്പിച്ചിട്ട് എന്ത് കാര്യമെന്ന് മിഷേലിൻറെ അച്ഛൻ ഷാജി വർഗീസ് ചോദിക്കുന്നു.

ഏഴ് വർഷം കഴിഞ്ഞു ഇന്നും ഷാജി വർഗീസിൻറെ കണ്ണുകളിലുണ്ട്, സ്വന്തം ചോരയെ നഷ്ടപെട്ടതിൻറെ തീരാവേദന. വളർത്തി വലുതാക്കിയ മകൾ ഒപ്പമില്ലെന്ന യാഥാർഥ്യം ഈ നിമിഷവും എണ്ണയ്ക്കാപ്പിള്ളിൽ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. വൈകിയ നീതി എന്നും നീതി നിഷേധമാണ്. ഇന്നും നീതിക്കുവേണ്ടിയുള്ള ചോദ്യങ്ങളാണ് മിഷേലിൻറെ കുടുംബം ചോദിച്ചുകൊണ്ടിരിക്കുന്നത്.