ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
ആല്‍മരത്തിന് തീപിടിച്ചത് ഭക്തരിലും പരിഭ്രാന്തി പടര്‍ത്തി. ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി മാറ്റി.
അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 15 മിനിറ്റ് നേരത്തോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞുനിര്‍ത്തി. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിനും തീ പിടിച്ചിരുന്നു.