രക്ഷാപ്രവർത്തനത്തിന് കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം, രാഷ്ട്രീയ ചര്‍ച്ചയില്‍ ഒറ്റപ്പെട്ട് ബിജെപി

Advertisement

തിരുവനന്തപുരം. രക്ഷാപ്രവർത്തനത്തിന് കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര നടപടി ഹൈക്കോടതിയെ അറിയിക്കും. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായം നൽകാതെ കേന്ദ്രസർക്കാർ പകപോക്കൽ നയം സ്വീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് പണം നൽകാൻ കഴിയാത്ത സാഹചര്യം കേന്ദ്രത്തിന് അറിയിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രം അപഹസിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചു. യുഡിഎഫിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് എത്തി.

രക്ഷാപ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ട സംഭവം കോടതിയിൽ ചോദ്യം ചെയ്യാനാണ് സർക്കാർ നീക്കം. കേരളത്തിന് ലഭിക്കേണ്ട അർഹമായ സഹായം പോലും നൽകാതെ പണം ചോദിച്ചത് കോടതിയിൽ ചൂണ്ടിക്കാട്ടും. ധനസഹായം സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വെള്ളിയാഴ്ച ഹർജി പരിഗണിക്കുമ്പോൾ വിവരം കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം. ഒപ്പം കേരളത്തിൻറെ ധനസ്ഥിതിയിൽ പണം നൽകാനാകില്ലെന്ന് വിവരം കേന്ദ്രത്തെ രേഖാമൂലം അറിയിക്കും. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കേരളത്തോട് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര നടപടി നീതീകരിക്കാനാകാത്തതെന്ന് റവന്യൂ മന്ത്രി കെ രാജൻ.കേരളത്തിന് സഹായം ചെയ്യുന്നില്ലെന്ന് മാത്രമല്ല അപഹസിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് പുനരധിവാസ പ്രവർത്തനങ്ങൾ ബാധിക്കില്ലെന്നും ധനമന്ത്രി.

എന്നാൽ വിഷയത്തിൽ യുഡിഎഫിന് വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട പ്രശ്നമാണ്  മുസ്ലിം ലീഗിനും കോൺഗ്രസിനും എന്താണ് ഒന്നിച്ച് നിൽക്കാൻ തടസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിക്കുന്നു.

രക്ഷാദൗത്യത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര നടപടി രാഷ്ട്രീയ ചർച്ചയാക്കാനാണ് സർക്കാർ നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here