ഓടി രക്ഷപ്പെടാന്‍ കഴിയാതെ കാട്ടാനയുടെ മുന്നില്‍ പെട്ട യുവാവിന് കുത്തേറ്റു

Advertisement

വയനാട്. ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന കുത്തി വീഴ്ത്തിയത്. മാനന്തവാടിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


പുൽപ്പള്ളി ചേകാടിയിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പാലക്കാട് സ്വദേശി സതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. നാലു പേരടങ്ങുന്ന സംഘം റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.മൂന്നുപേർ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുകയും കാലിൽ കമ്പി ഇട്ടിരിക്കുന്നതിനാൽ സതീഷ് ആനയുടെ മുന്നിൽ പെടുകയുമായിരുന്നു. പാഞ്ഞെത്തിയ കാട്ടാന സതീഷിനെ കുത്തി വീഴ്ത്തി.

കാട്ടാന പോയ ശേഷം കൂടെയുള്ളവർ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ ഒന്നരമണിക്കൂറോളം ചികിത്സ വൈകി. ആദ്യം മാനന്തവാടി ആശുപത്രിയിൽ എത്തിച്ച സതീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാരിയലിന് പൊട്ടൽ ഉള്ളതിനാൽ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകസംഘം പഴൂർ തോട്ടംമൂല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.