വയനാട്. മാനന്തവാടിയിൽ ആദിവാസി യുവാവിനോട് കൊടും ക്രൂരത. വിനോദ സഞ്ചാരികൾ തമ്മിലുള്ള കയ്യാങ്കളിയിൽ ഇടപെട്ടതിന് കാറിൽ കൈ കുരുക്കിയ ശേഷം ടാർ റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ കുടൽകടവ് സ്വദേശി മാതൻ ചികിത്സയിൽ. സംഭവം സ്ഥലത്തുനിന്നും രക്ഷപ്പെട്ട അക്രമി സംഘത്തിനായി പൊലീസിന്റെ വ്യാപക തിരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ
ആയിരുന്നു കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത. ചെക്കഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ടാർ റോഡിലൂടെ ഉരഞ്ഞ് മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവർക്കായി വയനാട് കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് വയനാട് എസ് പി തപോഷ് ബസുമതാരി.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സ്ഥലം എംഎൽഎയും മന്ത്രിയുമായ ഒ ആർ കേളു അറിയിച്ചു.