തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചോർച്ചയിൽ തുടർനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകിട്ട് ചേരും. ചോർത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവർത്തിക്കുന്നില്ല.
വിവാദമായ ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. എസ്എസ്എൽസിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂ ട്യൂബ് ചാനലുകൾ ചോർത്തി നൽകിയത്. ഏറ്റവും അധികം ചോദ്യങ്ങൾ വന്ന എംഎസ് സൊല്യൂഷൻസ് ആണ് സംശയനിഴലിൽ. താൽക്കാലിമായി യൂ ട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് സ്ഥാപനത്തിൻ്റെ സിഇഒ എംഎസ് ഷുഹൈബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാദം ശക്തമായതിന് ശേഷം കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. എതിരാളികളായ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു എംഎസ് സൊല്യൂഷൻസിൻ്റെ ആദ്യ വാദം.
ചോദ്യപേപ്പർ ചോർച്ചക്ക് പുറമെ കൂടുതൽ കടുത്ത പരാതികളാണ് സ്ഥാപനം നേരിടുന്നത്. ക്ലാസെടുക്കുന്നതിനിടെ മുണ്ടഴിക്കുന്നതിൻ്റെയടക്കമുള്ള വീഡിയോ പുറത്തുവന്നിരുന്നു. എംഎസ് സൊലൂഷനും അധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ചോദ്യപേപ്പറുകൾ തയ്യാറാക്കിയ അധ്യാപകരുടെ പേരു വിവരങ്ങൾ നൽകാൻ പ്രധാന അധ്യാപകരോട് കോഴിക്കോട് ഡിഡിഇ ആവശ്യപ്പെട്ടു. ചോർച്ചയും ഭാവിയിൽ ചോരുന്നത് ഒഴിവാക്കാനുമുള്ള നടപടികൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത്.