ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ

Advertisement

വയനാട്. മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ . ആംബുലൻസ് ആവശ്യപ്പെട്ടിട്ടും പട്ടിക ജാതി വകുപ്പ് അധികൃതർ വിട്ടുനൽകിയില്ലെന്ന് പരാതി. വീഴ്ച വരുത്തിയ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരിൽ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റർ ഉണ്ടെന്നും ആംബുലൻസ് വിട്ടു നൽകണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നൽകാമെന്ന് മറുപടിയും നൽകി. എന്നാൽ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലൻസ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയിൽ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങൾ അറിയിക്കുന്നതിൽ പ്രമോട്ടർക്ക് വീഴ്ച സംഭവിച്ചെന്ന് ട്രൈബൽ ഡെവലെപ്മെന്റ് ഓഫീസർ വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.

രണ്ട് ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും ലഭ്യമല്ലായിരുന്നു എന്നാണ് പട്ടികജാതി വകുപ്പിൻ്റെ വിശദീകരണം.സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസ് യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു .