പട്ടിണിക്കിട്ടും ക്രൂരമായ മർദനവും; പിതാവും രണ്ടാനമ്മയും പ്രതികൾ, ഷെഫീക്ക് കേസിൽ കോടതി ഇന്ന് വിധി പറയും

Advertisement

ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്.

മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013 ജൂലൈ 15 നാണ് മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്, ഇതോടെയാണ് ഷെഫീക്ക് നേരിട്ട പീഡനം പുറത്തറിയുന്നത്. തലച്ചേറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിപ്പാടുകളും. ഒരുപക്ഷേ ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു. ആഴ്ചകളെടുത്ത ചികിത്സയ്ക്കൊടുവിൽ ഷെഫീക്ക് ജീവിത്തിലേക്ക് തിരികെയെത്തി. പക്ഷേ തലച്ചോറിനേറ്റ ക്ഷതം കുഞ്ഞിൻ്റെ മാനസിക വള‍ർച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ പൂർത്തിയായി. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയും.

ഷെഫീക്കിന്റെ സഹോദരൻ ഷെഫീനെ മർദ്ദിച്ചതിനും ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ദൃക് സാക്ഷികളില്ലാതിരുന്നിട്ടും, മെഡിക്കൽ തെളിവുകൾ, സാഹചര്യത്തെളിവുകൾ എന്നിവയുടെ പിൻബലത്തിലാണ് വാദം പൂർത്തിയാക്കിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here