കൊല്ലത്ത് പണിതീരാത്ത വീട്ടിൽ 17,445 രൂപയുടെ വൈദ്യുതിബിൽ, പണികിട്ടുക ഇലക്ട്രീഷ്യന്! പണം വീട്ടമ്മ അടക്കേണ്ടെന്ന് കെഎസ്ഇബി

Advertisement

കൊല്ലം: കൊല്ലം ഏരൂരിൽ 17,445 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച നിർധനയായ വീട്ടമ്മ തുക അടക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വീട്ടിലെ വയറിങ്ങിലുണ്ടായ പിഴവ് കാരണം വൈദ്യുതി പാഴായതാണ് വൻ തുക ബിൽ വരാൻ കാരണമെന്ന് കെഎസ്ഇബി നടത്തിയ പരിശോധനയിൽ കണ്ടെത്തി. കിണറ്റിൽ സ്ഥാപിച്ച മോട്ടോർ മെയിൻ സ്വിച്ചിൽ നേരിട്ട് ബന്ധിപ്പിച്ചത് ഗുരുതര പിഴവാണെന്നും, ഇലക്ട്രീഷ്യനിൽ നിന്ന് തുട ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.

നിത്യ ചെലവിന് പോലും വഴിയില്ലാത്ത ഏരൂര്‍ പൊന്‍വെയില്‍ സ്വദേശി അമ്പിളിയ്ക്ക് 17,445 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിൽ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പണിതീരാത്ത കുഞ്ഞ് വീട്ടിൽ കഴിയുന്ന രോഗിയായ വീട്ടമ്മയ്ക്ക് വൻ തുക ബിൽ നൽകിയത് കെഎസ്ഇബി വരുത്തിയ പിഴവെന്നായിരുന്നു ആക്ഷേപം. തുടർന്ന് കെഎസ്ഇബി അധികൃതർ അമ്പിളിയുടെ വീട്ടിൽ എത്തി പരിശോധന നടത്തി.

വീട്ടിലെ കിണറ്റിൽ സ്ഥാപിച്ച മോട്ടോർ മെയിൻ സ്വിച്ചുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. വയറിങ്ങിൽ ഇലക്ട്രീഷ്യൻ വരുത്തിയ പിഴവ് കാരണം വൈദ്യുതി വലിയ അളവിൽ പാഴായതാണ് നിരക്ക് കൂടാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തൽ. കിണറ്റിലെ വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു. നിലവിൽ മോട്ടോർ പ്രവർത്തന രഹിതമാണ്. കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തിരുന്ന വീട്ടമ്മയ്ക്ക് വൈദ്യുതാഘാതം ഏൽക്കാതിരുന്നത് ഭാഗ്യമെന്നാണ് കെഎസ്ഇബി പറയുന്നത്.

വൈദ്യുതി ബിൽ അമ്പിളി അടക്കേണ്ടതില്ലെന്നും വയറിംഗ് ചെയ്ത വ്യക്തിയിൽ നിന്നും തുക ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നും അഞ്ചൽ ഈസ്റ്റ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമാണ് പ്രവർത്തനക്ഷമമായി അമ്പിളിയുടെ വീട്ടിൽ ഉള്ളത്. താങ്ങാൻ കഴിയാത്ത ബിൽ വന്നതിലെ ഞെട്ടൽ മാറിയിട്ടില്ല. തുക വീട്ടമ്മയിൽ നിന്നും ഈടാക്കില്ലെന്ന കെഎസ്ഇബിയുടെ വാക്കാണ് നിലവിൽ ആശ്വാസം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here